Monday, November 28, 2016

നെടുവീർപ്പ്

ഓർമ കുറിപ്പ്

അരങ്ങിൽ സ്റ്റോർസിൽ മഷി നിറക്കാൻ നിൽക്കുമ്പോയാണ് ഞാൻ ആദ്യം കണ്ടത്.വെറുതെ ഒന്ന് ചിരിച്ചു അത്ര തന്നെ .എന്റെ കയ്യിലുള്ള ബാൾ പെനിൽ മഷി നിറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അറിയാതെ ആഗ്രഹിച്ച് പോയി

രണ്ട് ദിവസം മുൻപ് ഒരു മണിക്കൂർ വാടകക്ക് എടുത്ത സൈക്കിളിന്റെ കാഷ് കൊടുക്കാനുള്ളത് കൊണ്ട് വാസുവേട്ടന്റെ സൈക്കിൾ ഷാപ്പിന്റെ മുൻപിലൂടെ എന്തായാലും പോവാൻ പറ്റില്ല .അത് കൊണ്ട് തന്നെ അനീഷ് ഹോട്ടലിന്റെ പിറകിലെ ദുർഗദ്ധം സഹിച്ച് കൊണ്ട് എൽ പി സ്കൂളിന്റെ ചെറിയ ഗേറ്റ് കടന്ന് വേണം ക്ലാസിലെത്താൻ .

സ്റ്റാഫ് റൂമിന്റെ മുൻവശത്തുള്ള പടർന്ന് പന്തലിച്ച മരത്തണലിൽ മാഷ് മാരുടെ സ്കൂട്ടർ നിർത്തിയിട്ടതിന്റെ അടുത്ത് കുറച്ച് ദിവസമായി ഒരു വളഞ്ഞ ഹാൻഡലുള്ള സൈക്കിൾ കാണാൻ തുടങ്ങിയിട്ട്
വളഞ്ഞ ഹാൻഡലുള്ള സൈക്കിളിനെ കുറിച്ച് കേട്ടിട്ടുണ്ട് .പക്ഷേ കാണുന്നത് ആദ്യമായാണ് .
ഡയനാമോ ഫിക്സ് ചെയ്ത കാസറ്റ് റീൽ ഹാൻഡിലിൽ അലങ്കാരമാക്കി തൂക്കിയ ആ സൈക്കിൾ ഏത് ഭാഗ്യവാന്റ താണാവോ ......

ഇന്ന് മൂന്നാമത്തെ പീരീഡ് ഉറുദുവാണ്

അഞ്ചാം ക്ലാസ് പഠിക്കുമ്പോയാണ് ആ ചതിയിൽ പെട്ടത് .
യു പി ക്ലാസിൽ പഠിപ്പികുന്ന മാഷായ ഉറുദു ടീച്ചറുടെ ഭർത്താവ് അഞ്ചാം ക്ലാസിൽ വെച്ച് ഉറുദു പഠിക്കാനുള്ള കുട്ടികളെ കണ്ടെത്തും ,കാരണം മാഷ് അങ്ങനെ കണ്ടെത്തിയില്ല എങ്കിൽ ഭാവിയിൽ ഉറുദു പഠിക്കൻ കുട്ടികളില്ലാതെ  ടീച്ചറുടെ പണി പോവും
വീട്ട് കാരിൽ ഏത് വിഷയം എടുക്കണമെന്ന കാര്യത്തിൽ പ്രത്യേക അഭിപ്രായമൊന്നുമില്ലാത്തത് കൊണ്ട് തന്നെ ഇടി തീ പോലെ ഉറുദു എന്റെ തലയിൽ വന്നു വീണു

ഉറുദു പീരിഡായാൽ ഉറുദു ക്കാർ ഞങ്ങൾ ബുക്കുമായി പുറത്തേക്ക് ഇറങ്ങും പിന്നെ രണ്ടാം കിട പൗരന്മാരെ പോലെ ഏതെങ്കിലും ഒഴിവുള്ള ക്ലാസ് അന്വേഷിച്ച് നടക്കും

മൂസ ക്കോയ ഉച്ച ബെല്ലടിക്കാൻ റെയിൽ പാളത്തിലെ ഇരുമ്പ് കഷ്ണം എടുക്കേണ്ട താമസം ഇറങ്ങി ഓടാൻ ഏറ്റവും മുൻപിൽ ഞാൻ ഉണ്ടാവും കാരണം ഓട്ടം ഒന്ന് പിഴച്ചാൽ പിന്നെ അൽഗേ ഹോട്ടലിൽ സീറ്റ് കിട്ടില്ല .

രണ്ട് പൊറാട്ട പിന്നെ ഒരിറ്റ് കറി ... അതെ വിഭവ സമൃതമായിരുന്നു അത്
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത രുചിക്കൂട്ട് ..
കറി എന്ന് പറഞ്ഞാൽ ഉച്ച ഊണിൻ ഒരുക്കിവെച്ച സാമ്പാർ ബക്കറ്റിലെ കൈൽ പൊറാട്ടയുടെ മുകളിലൂടെ ഒന്ന് ഉരച്ച് തരും അത് മതി ധാരാളം .....
അത് കൊണ്ട് തന്നെ പൊറാട്ടക്ക് മാത്രമേ പൈസയുള്ളൂ കറി ഫ്രീയാണ്

ബാക്കി കയ്യിൽ വരുന്ന പണം മിച്ചം പിടിച്ചിട്ട് വേണം മമ്മദ് കാന്റെ മുന്തിരി ഐസോ തേങ്ങ ഐസോ വാങ്ങാൻ

ഉന്ത് വണ്ടി മുഹമ്മദ് കടം തരാത്തത് കൊണ്ട് തന്നെ ഉപ്പിലിട്ട നെല്ലിക്ക യോ പേരക്ക കഷ്ണ മോ ദാമോദരേട്ടന്റെ വണ്ടീന്നെ വാങ്ങാറുള്ളൂ
ഇതിൽ നിന്നെല്ലാം കുറച്ച് കുറച്ച് മിച്ചം വെച്ചിട്ട് വേണം തിങ്കളാഴ്ച ആവുമ്പോൾ ആർക്കോ വേണ്ടി ഒരിക്കലും രുചിച്ച് നോക്കിയിട്ടില്ലാത്ത ഫൈവ് സ്റ്റാർ വാങ്ങിക്കാൻ

ടീച്ചേർസ് റൂം കഴിഞ്ഞ ഉടനെയുള്ള ചവിട്ട് പടി ഇറങ്ങി വലത്തോട്ട് തിരിഞാൽ വലിയ മരത്തിന്റെ തണലിൽ നിരനിരയായുള്ള പൈപ് ലൈൻ.ചുറ്റുപാടും വെള്ളം ഒഴുകി മരത്തിന്റെ ഇലകൾ വീണ് വൃത്തികേടായ അങ്ങോട്ട് പോവുന്നത് വെള്ളം കുടിക്കാൻ മാത്രമല്ല
തൊട്ടടുത്ത കിണർ, കിണറിനോട് ചേർന്ന വാട്ടർ ടാങ്ക് ,രണ്ടിനെയും ബദ്ധിപ്പിക്കുന്ന തടിച്ച ഒരു ഇരുമ്പ് പൈപ്പ് .അതിൽ സ്ഥിരമായി ഇരിക്കുന്ന ചിലരുണ്ട് അവരെ ഒന്ന് കാണാൻ വെറുതെ ഒന്ന് ചിരിക്കാൻ

എല്ലാം കഴിഞ് രണ്ട് മണിക്ക് ബെല്ലടിക്കുന്നതിൻ മുൻപായി പത്ത് എ യുടെ മുൻപിലൂടെ രാജകീയ മായി എന്റെ ക്ലാസിലേക്ക് ..

അവസാനത്തെ പീരിഡിൻ മുൻപായി അറിയിപ്പുമായി മൂസക്കോയ വീണ്ടുമെത്തി
സഞ്ചയികയിൽ ചേരാത്തവർ ചേർക്കാൻ ഇനിയും അവസരമുണ്ട് എന്നായിരുന്നു ആ അറിയിപ്പ്

ഒത്തിരി സന്ദേഹവും ഇത്തിരി ആശ്വാസവുമായി അവസാനത്തെ ബെല്ലുമടിച്ചു
ഇനിയുള്ള ഓട്ടം ബസ് കയറാൻ വേണ്ടിയാണ്
അപ്പോൾ ......ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനായ   ബസ്സ് സ്റ്റോപ്പിൻ എതിർവശമുള്ള ലാവണ്യയിലെ താടിക്കാരനെ ഓർത്ത് ഞാൻ നെടുവീർപ്പിട്ടു ....
അതിനിടയിലും ഒന്ന് കാണാനും ചിരിക്കാനും മറന്നില്ല ..

ഇര

ചുവന്ന് തുടുത്ത് കലങ്ങിയ കണ്ണുകളു മായി എന്റെ വീടിന്റെ വാതിലിൽ വന്ന് മുട്ടിയ മെലിഞ് ഉണങ്ങിയ ആ വെളുത്ത പെൺകുട്ടി ....
തോളത്ത് ശാന്തമായി കിടന്ന് ഉറങ്ങുന്ന  പൈതലിനെ തൊട്ട് ആംഗ്യ ഭാഷയിൽ അവൾ പറഞ്ഞു ഞങ്ങൾക്ക് വിശക്കുന്നു .
എനിക്ക് ഭാഷ അറിയില്ല എന്ന് കരുതിയാവും അവൾ അങ്ങിനെ ചെയ്തത്
ആരാണ് നീ .. ഞാൻ അവളോട് ചോദിച്ചു

കണ്ണ് എത്താ ദൂരത്ത് ഉരുളക്കിഴങ്ങ് കൃഷി ചെയ്തിരുന്ന ഒരു സിറിയൻ കർഷക കുടുംബത്തിലെ മൂന്നാമത്തെ പെൺ തരി.

ആരോ ആർക്കൊക്കെയോ വേണ്ടി തിരക്കഥ എഴുതി ഉണ്ടാക്കിയ സിറിയൻ യുദ്ധത്തിന്റെ ജീവിക്കുന്ന  ഇര.
തീവ്ര വാദികളും മിത വാദികളും ദേശസ്നേഹികളും രാജ്യ ദ്യോഹികളും ആയുധ കച്ചവടക്കാരും എല്ലാവരും ചേർന്ന് വീതം വെച്ച് ശവപറമ്പാക്കിയ സിറിയൻ ഗ്രാമത്തിലെ പൂച്ചക്കണ്ണുള്ള ഈ സുന്ദരി തെരു വിലാണ്
അവളുടെ സംരക്ഷണം ഇവരുടെ ആരുടെയും ബാധ്യതയല്ല അത് അവളുടെ മാത്രം ഉത്തരവാദിത്വമാൺ.

സിറിയൻ യുദ്ധത്തിന്റെ ഒരു ജീവിക്കുന്ന ഇരയെയാണ് ഇവിടെ ഞാൻ വരച്ച് കാണിച്ചത്
എതൊരു യുദ്ധത്തിന്റെയും  നേരിട്ടുള്ള ഇരകൾ സ്ത്രീകളും കുട്ടികളുമാവുന്നു .
കൊച്ചിയിലെയും മുംബെയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലും പിന്നീട് നമ്മുടെയെല്ലാം തെരുവുകളിലും കാശ്മീരി പെൺകുട്ടികൾ എത്തപ്പെടുക എന്നത് തന്നെയാവും അണിയറയിൽ അരങ്ങ് ഒരുങ്ങുന്ന യുദ്ധത്തിന്റെ പരിസമാപ്തി
ഇത് എഴുതിയാൽ ഒരു ദേശദ്രോഹി യാ യി ഞാൻ ചിത്രീകരിക്ക പെടുമോ എന്ന് ഭയപ്പെടുന്നു....
അഷറഫ്